കൊച്ചി: ക്ഷാമബത്ത അവകാശമല്ലെന്ന സര്‍ക്കാര്‍ നിലപാട് നിയമവിരുദ്ധമെന്ന് ഹര്‍ജിക്കാര്‍ ഹൈക്കോടതിയില്‍. ജയിലിലെ തടവുകാര്‍ക്ക് പ്രതിഫലം വര്‍ധിപ്പിച്ച സര്‍ക്കാരാണ് ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ക്ഷാമബത്ത കുടിശിക നിഷേധിക്കുന്നത്.
പണമില്ലെന്ന പേരില്‍ ഡിഎ നിഷേധിക്കാനാകില്ലെന്നും ഫെഡറേഷന് ഓഫ് ഓള് കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍സ് സംസ്ഥാന പ്രസിഡന്റ് എന്‍. മഹേഷ് സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തില്‍ പറയുന്നു.
2021 ജനുവരി മുതലുള്ള കുടിശിക ലഭിക്കാനുണ്ടെന്നും അതില്‍ 25 ശതമാനമെങ്കിലും അനുവദിക്കണമെന്നും ആവശ്യപ്പെടുന്ന ഹര്‍ജി ജസ്റ്റീസ് എന്‍. നഗരേഷ് ഇന്നു പരിഗണിക്കാന്‍ മാറ്റി. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കും ജുഡീഷല്‍ ഓഫീസര്‍മാര്‍ക്കും ഡിഎ അനുവദിച്ചിട്ടുണ്ട്. വായ്പയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കാത്തതിനെതിരേയുള്ള ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണെന്ന ന്യായീകരണം അംഗീകരിക്കാനാകില്ലെന്നും ഹര്‍ജിക്കാര്‍ അറിയിച്ചു. ശമ്പളത്തിന്റെ ഭാഗമായ ഡിഎ ജീവനക്കാര്‍ക്ക് നിഷേധിക്കുന്നത് ശമ്പളത്തില്‍ കുറവ് വരുന്നതിന് ഇടയാക്കും.
മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത് ഡിഎയുടെ ഏഴു ഗഡുക്കള്‍ നൽകാനുണ്ടെന്നാണ്. എന്നാല്‍ ഡിഎ കുടിശികയില്ലെന്നാണ് സര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നതെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.